സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
ചെന്നൈ: സൂപ്പര്‍ സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഗ്മോര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ എന്ന സിനിമ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ജിഗുബ എന്ന തന്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന അരുണ്‍ തമിഴ്‌നാടന്റെ പരാതിയിന്മേല്‍ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, അപ്പോഴൊന്നും ശങ്കര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
1996ല്‍ താന്‍ പ്രസിദ്ധീകരിച്ച ജിഗുബ എന്ന കഥ കോപ്പിയടിച്ചാണ് ശങ്കര്‍ എന്തിരന്‍ സിനിമ ഉണ്ടാക്കിയതെന്നായിരുന്നു അരുണിന്റെ പരാതി. 2007ല്‍ ധിക് ധിക് ദീപിക ദീപിക എന്ന പേരില്‍ ഈ കഥ ഒരു നോവല്‍ രൂപത്തില്‍ വീണ്ടും പ്രസിദ്ധീകരിച്ചു. എന്തിരന്‍ സിനിമ റിലീസായതിനു പിന്നാലെ തന്റെ ഈ കഥ കോപ്പിയടിച്ചാണ് സിനിമ ഉണ്ടാക്കിയതെന്ന് അരുണ്‍ കേസ് നല്‍കുകയായിരുന്നു. വര്‍ഷങ്ങളായി ഈ കേസ് നടക്കുകയാണ്.
2010 ഒക്ടോബര്‍ ഒന്നിനാണ് എന്തിരന്‍ റിലീസായത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും രണ്ട് ദേശീയ പുരസ്‌കാരങ്ങളും സിനിമ സ്വന്തമാക്കിയിരുന്നു. ഹിന്ദിയിലേക്കും തെലുങ്കിലേക്കും സിനിമ ഡബ് ചെയ്തിരുന്നു. നായകനായും വില്ലനായും രജനികാന്ത് വേഷമിട്ട ചിത്രത്തില്‍ ഐശ്വര്യ റായ് ആണ് നായികയായി വേഷമിട്ടത്.