ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും
67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. രാവിലെ 11ന് ദില്ലി വിജ്ഞാന്‍ ഭവനില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും ഏറ്റുവാങ്ങും. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജെല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരനാണ്.
മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്പേയിയും ഏറ്റുവാങ്ങും. സഞ്ജയ് പൂരണ് സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതിയും ചടങ്ങില്‍ ഏറ്റുവാങ്ങും.