ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. BF.7 എന്നും BA.5.1.7 എന്നും പേര് നല്‍കിയിട്ടുള്ള രണ്ട് ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളില്‍ ഈ രോഗാണുക്കളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി.
അടുത്ത ഞായറാഴ്ചയാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലവിലെ പ്രസിഡന്റ് ഷി ജിങ്ങ് പിങ്ങിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ദിനങ്ങള്‍ അടുത്ത് വരുമ്പോള്‍ രോഗവ്യാപനം കൂടിയ ഓമിക്രോണ്‍ വകഭേദങ്ങള്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡിനെതിരെ ഇപ്പോഴും ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശനമായ (സീറോ കൊവിഡ്) നിയന്ത്രണങ്ങള്‍ പിന്തുടരുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ചൈന.
ഒക്ടോബര്‍ 1-ന് ആരംഭിച്ച വാര്‍ഷിക ദേശീയ അവധിക്കാലത്ത്, നഗരങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും ജനങ്ങള്‍ യാത്രപോകുന്നത് സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നിട്ടും പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതിനിടെയാണ് പുതിയ രോഗവ്യാപനത്തിന് കാരണം പുതിയ ഒമിക്രോണ്‍ വകഭേദങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവിധ പ്രവിശ്യകളില്‍ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങള്‍ വളരെ വേഗം പടരുന്നവയാണെന്ന് വിദഗ്ദര്‍ അറിയിച്ചു.
ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷാവോഗാന്‍ നഗരത്തില്‍ BA.5.1.7 വകഭേദത്തിന്റെ നിരവധി കേസുകള്‍ കണ്ടെത്തി. BF.7 വകഭേദം ഷാവോഗാന്‍, യാന്റായ് നഗരങ്ങളിലാണ് കണ്ടെത്തിയത്. ഏറ്റവും പുതിയ കോവിഡ് -19 രോഗാണുബാധകള്‍ ഷാവോഗാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വകഭേദങ്ങളിലും പകര്‍ച്ചവ്യാധിക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവയ്ക്ക് നേരത്തെ കൈവരിച്ച പ്രതിരോധശേഷിയെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുന്നുണ്ടെന്നും ചൈനീസ് രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ലി ഷുജിയാന്‍ പറഞ്ഞു. ഒമൈക്രോണിന്റെ BF.7 വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വ്യാപനശേഷി കൂടിയ പ്രധാന ഒമിക്രോണ്‍ വകഭേദമായി മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
BF.7 എന്നത് ഒമിക്രോണ്‍ BA.5 ന്റെ ഒരു സഹ വകഭേദമാണ്. ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും BF.7 വകഭേദം വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗവ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ നിരവധി സ്‌കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. 36 ചൈനീസ് നഗരങ്ങള്‍ ലോക്ക്ഡൗണിലാണ്. ഇത് ഏകദേശം 196.9 ദശലക്ഷം ആളുകളെ നേരിട്ട് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ് ആഴ്ച ഇത് 179.7 ദശലക്ഷമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരന്തരമുള്ള പരിശോധനയും വിപുലമായ ക്വാറന്റൈനുകളും ലോക്ഡൗണുകളുകളിലൂടെയും കര്‍ശനമായ സീറോ കൊവിഡ് നടപടികള്‍ തുടരുന്ന ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ചൈന.