വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇനി കോവിഡ് പരിശോധന സൗജന്യം
തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായി കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കും.
രാജ്യത്തെ കോവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനും സാധ്യതയുണ്ട്. അതിനാലാണ്് വിദേശത്തു നിന്നും വരുന്നവര്‍ക്ക് വീണ്ടും പരിശോധന നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
വിദേശത്തു നിന്ന് കുഞ്ഞുങ്ങളുള്‍പ്പടെ എല്ലാ പ്രായക്കാര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇനി മുതല്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും നാട്ടില്‍ എത്തിയാല്‍ വീണ്ടു സ്വന്തം ചെലവില്‍ പരിശോധന നടത്തണമെന്നായിരുന്നു ചട്ടം. ഇതിനു പുറമെ 14 ദിവസം ക്വാറന്റീനും നിര്‍ബന്ധമാണ്. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ പ്രസ്താവന.