കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച സ്‌നേഹയാത്ര വന്‍ വിജയമെന്നു ബിജെ പി വിലയിരുത്തല്‍. അരമനകളില്‍ നിന്നും വിശ്വാസികളുടെ വീടുകളില്‍ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്ന് നേതാക്കള്‍ കണക്ക് കൂട്ടുന്നു. സ്‌നേഹ യാത്രയുടെ തുടര്‍ച്ച ആയി വിഷുദിവസം സമീപ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും വീട്ടിലേക്ക് ക്ഷണിക്കും. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തണം എന്നതടക്കം സഭയുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാതെ തീരുമാനം എടുക്കും. ബിജെപി നടപടി കാപട്യം എന്ന് വിശേഷിപ്പിക്കുമ്പോഴും ചില മത മേലധ്യന്മാരുടെ മോദി അനുകൂല പ്രസ്താവനയില്‍ ജാഗ്രതയില്‍ ആണ് യുഡിഎഫും എല്‍ഡിഎഫും.
കേരളത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായുള്ള നീക്കങ്ങളാണ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്നത്. ക്രൈസ്തവരുടെ ഭവന സന്ദര്‍ശനം പോലുള്ള പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുന്നതില്‍ ബിജെപി ആലോചന നടത്തും. 2019 ല്‍ കിട്ടാതിരുന്ന സീറ്റുകള്‍ പിടിക്കാന്‍ ഇത് നിര്‍ണായകം ആകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഈസ്റ്റര്‍ ആശംസകളുമായി ബിജെപി നേതാക്കള്‍ ഇന്നലെ സജീവമായിരുന്നു.