കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ മുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കൊച്ചി: കൊവിഡിനിടെ സുരക്ഷിതമായി വീട്ടിലിരുന്ന് കൊണ്ട് കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ സൗകര്യമൊരുക്കി. ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇനി കെവൈസി അപ്ഡേറ്റ് ചെയ്യാനാകും. പകര്‍ച്ചവ്യാധി തടയുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ മിനി ലോക്ക് ഡൗണ്‍ കണക്കിലെടുത്താണ് ബാങ്കിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇമെയില്‍ വഴിയോ തപാല്‍ സേവനത്തിലൂടെയോ കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്ത് ബാങ്കിലേക്ക് അയയ്ക്കാന്‍ കഴിയും. അതേസമയം മെയ് 31ന് മുമ്പായി കെവൈസി വിശദാശംങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ അഥവാ സിഐഎഫുകള്‍ ഭാഗികമായി മരവിപ്പിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
ഉപഭോക്താക്കളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുകയും അതുവഴി ബാങ്ക് സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ബാങ്കിന്റെ പ്രക്രിയയാണ് നിങ്ങളുടെ ഉപഭോക്താവിനെ അറിയുക അഥവാ കെവൈസി. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ കെവൈസി വിവരങ്ങള്‍ നല്‍കും.
ഉയര്‍ന്ന റിസ്‌ക് ഉള്ള ഉപഭോക്താക്കള്‍ക്കായി കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലും ഇടത്തരം റിസ്‌ക്കുള്ള ഉപഭോക്താക്കള്‍ക്ക് എട്ട് വര്‍ഷത്തിലൊരിക്കലും കെവൈസി നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തും. ഏറ്റവും കുറഞ്ഞ റിസ്‌ക്കുള്ള ഉപഭോക്താക്കള്‍ക്ക് പത്ത് വര്‍ഷത്തിലൊരിക്കലുമാണ് കെവൈസി അപ്ഡേറ്റ് നടത്തുക.