കോഴിക്കോട്: ഹേമ കമ്മിറ്റിയില്‍ ഇരകള്‍ നല്‍കിയ മൊഴികള്‍ സര്‍ക്കാര്‍ പൂഴ്ത്തുകയായിരുന്നുവെന്ന്? പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമം ജേണലിസ്റ്റ് യൂണിയന്റെ എന്‍. രാജേഷ് സ്മാരക പുരസ്‌ക്കാര ദാനവും 'ദ ജേര്‍ണലിസ്റ്റ്' ജേണല്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടത്തില്‍ ഏറ്റവുമധികം നീതി നിഷേധിക്കപ്പെട്ട സ്ഥലമാണ് സിനിമ. ഇവിടെ നടന്ന കുറ്റകൃത്യങ്ങളുടെ പരമ്പരയെക്കുറിച്ചായിരുന്നു ഇരകള്‍ ഹേമകമ്മിറ്റിയില്‍ മൊഴി നല്‍കിയത്. ഇതിനെതിരെ നടപടി എടുക്കുക എന്നത് സര്‍ക്കാറിന്റെ നിയമപരമായ ബാധ്യതയാണ്. ഇതൊന്നും ചെയ്യാതെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. പൊതുസമൂഹത്തെ പരിഹസിക്കുന്ന നടപടിയായിരുന്നു ഇത്. യഥാര്‍ഥ കുറ്റവാളികള്‍ രംഗത്ത് വരാത്തതിനാല്‍ സിനിമാരംഗത്തുള്ള എല്ലാവരും ഇപ്പോള്‍ സംശയത്തിന്റെ കരിനിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭയനായ പത്രപ്രവര്‍ത്തകനായിരുന്ന എന്‍. രാജേഷിന്റെ പേരിലുള്ള പുരസ്‌ക്കാരം ഡബ്ല്യു.സി.സിക്ക് നല്‍കിയ നടപടി ധീരമാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യു.സി.സിക്ക് വേണ്ടി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ് പി.എസ്?. റഹ്ന, നടി ദേവകി ഭാഗി എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. എന്‍. രാജേഷിന്റെ സ്മരണാര്‍ഥം എം.ജെ.യു പുറത്തിറക്കുന്ന അക്കാദമിക ജേണലായ 'ദ ജേണലിസ്റ്റി'ന്റെ പ്രകാശനം വി.ഡി. സതീശന്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ കെ.ഇ.എന്നിന് നല്‍കി നിര്‍വഹിച്ചു. എം.ജെ.യു പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു.
പുരോഗമനപരമായ സിനിമകള്‍ പുറത്തുവരുന്ന മലയാളം സിനിമ വ്യവസായത്തിന് മറ്റൊരു മുഖമുണ്ടെന്ന സത്യം ഡബ്ല്യു.സി.സിയുടെ വരവോടെ നമ്മള്‍ മനസിലാക്കിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ന്യൂസ് മിനിറ്റ് എഡിറ്റര്‍ ഇന്‍ ചീഫ്? ധന്യ രാജേന്ദ്രന്‍ പറഞ്ഞു. മലയാള ചലച്ചിത്രങ്ങളോട് നിങ്ങളുടെ തൊഴിലിടം സുരക്ഷിതമാണോയെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍, നമ്മുടെ തൊഴിലിടം എത്രത്തോളം സുരക്ഷിതമാണെന്ന് സ്വയം ചോദിക്കണം. ഒരുപാട് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന തൊഴിലിടമായിട്ടുപോലും കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും ഇന്റേണല്‍ കമ്മിറ്റി നിലവിലില്ല എന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സൗഹാര്‍ദപരമായ തൊഴിലിടത്തിന് വേണ്ടി സമരം ചെയ്ത ഡബ്ലു.സി.സി നടത്തിയത് വിപ്ലവം തന്നെയാണെന്ന്? ആശംസയര്‍പ്പിച്ച സംസാരിച്ച മാധ്യമം ചീഫ്? എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ പറഞ്ഞു. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് സംസാരിച്ചു. മാധ്യമപ്രവര്‍ത്തക സോഫിയ ബിന്ദ് എന്‍.രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ശബ്ദമില്ലാതെ, മുഖമില്ലാതെ മാറ്റിനിര്‍ത്തപ്പെട്ട അനേകര്‍ക്കുവേണ്ടിയാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്ന് മറുപടി പ്രസംഗത്തില്‍ ദീദി ദാമോദരന്‍ പറഞ്ഞു. ഡബ്ല്യു.സി.സി പ്രവര്‍ത്തകരായ റഹ്ന, ദേവകി ഭാഗി എന്നിവരും അവരുടെ സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു. മാധ്യമ സംരംഭകന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, കെ.യു.ഡബ്ല്യു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ.പി. റജി, മാധ്യമം എപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കെ.എം അബ്ദുല്‍ ഹമീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.ജെ.യു സെക്രട്ടറി സുല്‍ഹഫ് സ്വാഗതവും ട്രഷറര്‍ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.