2.37 ലക്ഷം മീറ്റിയോര്‍, ക്ലാസിക്, ബുള്ളറ്റ് ബൈക്കുകള്‍ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്
236,966 യൂണിറ്റ് മീറ്റിയോര്‍ 350, ക്ലാസിക് 350, ബുള്ളറ്റ് 350 യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചു. ഇഗ്‌നിഷന്‍ കോയിലില്‍ ഉണ്ടായേക്കാവുന്ന തകരാര്‍ മൂലം എന്‍ജിന്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കാതെ വരിക, വാഹനത്തിന്റെ പെര്‍ഫോമന്‍സില്‍ കുറവുണ്ടാകുക, ചില സാഹചര്യങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നീ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് മീറ്റിയോര്‍ 350, ക്ലാസിക് 350, ബുള്ളറ്റ് 350 ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചിരിക്കുന്നത്.
കമ്പനിയുടെ സ്വന്തം പരിശോധനയ്ക്കിടെയാണ് തകരാര്‍ കണ്ടെത്തിയതെന്നും 2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയില്‍ നിര്‍മിച്ച ചില ബാച്ചുകളിയിലെ പുറത്തെ വിതരണക്കാരില്‍ നിന്നുള്ള വാങ്ങിയ ഘടകത്തിനാണ് തരാര്‍ കണ്ടെത്തിയത് എന്ന് റോയല്‍ എന്‍ഫീല്‍ഡ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഡിസംബര്‍ 2020നും ഏപ്രില്‍ 2021നും ഇടയില്‍ നിര്‍മ്മിച്ച മീറ്റിയോര്‍ 350, ജനുവരി-ഏപ്രില്‍ 2021 സമയത്ത് നിര്‍മിച്ച ക്ലാസിക് 350, ബുള്ളറ്റ് 350 യൂണിറ്റുകള്‍ക്കാണ് പരിശോധന ആവശ്യമുള്ളത്. ഇന്ത്യയ്ക്ക് പുറമെ തായ്ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ വിറ്റ മീറ്റിയോര്‍, ക്ലാസിക്, ബുള്ളറ്റ് യൂണിറ്റുകളും തിരിച്ചുവിളിച്ച ബൈക്കുകളുടെ കൂട്ടത്തിലുണ്ട്.
തിരിച്ചുവിളിക്കുന്ന എല്ലാ യൂണിറ്റുകള്‍ക്കും ഈ പ്രശ്‌നം ഇല്ല എന്നും 10 ശതമാനം ബൈക്കുകള്‍ക്ക് മാത്രമേ കുഴപ്പമുള്ള ഘടകം മാറ്റിവയ്ക്കേണ്ടതുള്ളൂ എന്നും റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു. പ്രശ്‌ന സാദ്ധ്യതയുള്ള ബൈക്കുകളുടെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വിഐഎന്‍) വഴി ഉപഭോക്താക്കളുമായും ബന്ധപ്പെടും എന്നും തൊട്ടടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പില്‍ വാഹനം പരിശോധനയ്ക്ക് വിധേയമാക്കാം എന്നും റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് തങ്ങളുടെ ബൈക്ക് ഈ തിരിച്ചുവിളിയുടെ ഭാഗമായി പരിശോധിക്കണോ എന്നും ഉപഭോക്താക്കള്‍ക്ക് തിരക്കാവുന്നതാണ്.