ഉൽപാദനം വർധിപ്പിക്കുന്നു; ഒമാൻ എണ്ണക്ക് നേരിയ ക്ഷീണം
മസ്കത്ത്: കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഒമാൻ ആഗോള എണ്ണ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം കഴിഞ്ഞ രണ്ടു ദിവസമായി നേരിയ ക്ഷീണം അനുഭവപ്പെടാൻ തുടങ്ങി. ആഗോള വിപണിയിലെ നിരവധി കാരണങ്ങളാണ് ഒമാൻ അസംസ്കൃത എണ്ണയുടെ വില വർധിക്കാൻ കാരണം. ഒമാൻ അസംസ്കൃത എണ്ണവില ബാരലിന് 80 ഡോളർ കടന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് അനുഗ്രഹമാവും. എണ്ണവില ഉയരുന്നതോടെ ബജറ്റ് കമ്മി മിച്ച ബജറ്റായി മാറുന്നതടക്കം നിരവധി അനുകൂല ഘടകങ്ങളാണ് സാമ്പത്തിക മേഖലക്കുണ്ടാവുക. എണ്ണ വില ഇനിയും വർധിക്കുമെന്ന് ഒമാനിലെ സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒപെക് അംഗ രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുകയാണെങ്കിൽ ഒമാൻ എണ്ണ വിലയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. വരും ദിവസങ്ങളിൽ നടക്കുന്ന ഒപെക് അംഗരാജ്യങ്ങളുടെ യോഗങ്ങളിലെ തീരുമാനങ്ങളും മറ്റ് രാജ്യങ്ങളുടെ തീരുമാനങ്ങളും സുപ്രധാനമാകും.
ഒമാൻ എണ്ണ വില ബാരലിന് ഇൗ മാസം 26 ന് 84.6 ഡോളർ എന്ന വിലയിലെത്തിയിരുന്നു. ഇത് 2015 ഏപ്രിലിനു ശേഷമുള്ള ഉയർന്ന വിലയാണ്. എന്നാൽ വ്യാഴാഴ്ച എണ്ണ വില 82.14 ആയി കുറയുകയാണ് ചെയ്തത്. വരും ദിവസങ്ങളിൽ ഇനിയും കുറയുമോ എന്നതടക്കമുള്ള വിഷയങ്ങൾ നിരീക്ഷിക്കുകയാണ് സാമ്പത്തിക വിദഗ്ധർ.
കോവിഡ് പ്രതിസന്ധികാലത്ത് എണ്ണ വില കൂപ്പുകുത്തിയിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ വർഷം ജൂണിൽ എണ്ണവില ബാരലിന് 24 ഡോളർ വരെ എത്തിയിരുന്നു. 2002 ജനുവരിയിൽ 19 ഡോളറായിരുന്നു ഒമാൻ എണ്ണവില. പിന്നീട് എണ്ണ വില പതിയെ ഉയരുകയും 2008 ആഗസ്റ്റിൽ ബാരലിന് 128 ഡോളറിൽ എത്തുകയും ചെയ്തു. 2008 സെപ്റ്റംബറിൽ 133 ഡോളറായിരുന്നു എണ്ണ വില. ഇത് സർവകാല റെക്കോഡാണ്. പിന്നീട് എണ്ണ വില പതിയെ കുറയുകയും കുത്തനെ ഇടിഞ്ഞ് 2016 മാർച്ചിൽ ബാരലിന് 29 ഡോളർ എന്ന റെേക്കാഡ് തകർച്ചയിലെത്തുകയായിരുന്നു. വില വീണ്ടും പതിയെ ഉയർന്ന് 2018 ഡിസംബറിൽ 80 ഡോളർവരെ എത്തിയെങ്കിലും വീണ്ടും താഴേക്ക് വന്നു. ഇൗ മാസം ആദ്യം മുതലാണ് എണ്ണ വില വീണ്ടും ഉയരാൻ തുടങ്ങിയത്.
നിലവിൽ വില ഉയരാൻ നിരവധി കാരണങ്ങളുണ്ട്. ലോക രാജ്യങ്ങൾ കൊറോണ പ്രതിസന്ധിയിൽനിന്ന് മുക്തമാകാൻ തുടങ്ങിയതോടെ എണ്ണയുടെ ആവശ്യം വർധിച്ചതാണ് പ്രധാന കാരണം. ലോക രാജ്യങ്ങളിൽ ഇന്ധനക്ഷാമം നേരിട്ടതും വൈദ്യുതി ഉൽപാദനം കുറഞ്ഞതും എണ്ണക്ക് ഡിമാൻഡ് വർധിക്കാൻ കാരണമായി. കൽക്കരി ക്ഷാമം നേരിട്ടതും പ്രകൃതി വാതക വില ഉയർന്നതും പെേട്രാളിയം ഉൽപന്നങ്ങളുടെ വില വർധിക്കാൻ കാരണമായി. കൽക്കരി ക്ഷാമം അനുഭവപ്പെടുന്നത് താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതു കാരണം പല മേഖലകളിലും വൈദ്യുതിക്കും വാഹനമടക്കമുള്ളവയിലും പെട്രോൾ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇറാൻ എണ്ണ കയറ്റുമതി കുറച്ചതടക്കമുള്ള വിഷയങ്ങളും എണ്ണയുടെ വില വർധിക്കാൻ കാരണമാവുന്നുണ്ട്. എന്നാൽ അൾജീരിയ അടക്കമുള്ള രാജ്യങ്ങൾ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.