കേരളത്തില്‍ കാട്ടു പന്നികളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ മനേക ഗാന്ധി
 



തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി നേതാവ് മനേക ഗാന്ധി എംപി. മന്ത്രിസഭ തീരുമാനത്തില്‍ പ്രതിഷേധിച്ച് മനേക ഗാന്ധി വനം മന്ത്രിക്ക് കത്തയച്ചു. മനേക ഗാന്ധിയ്ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

വനം വകുപ്പിന്റെ ഉത്തരവിനെതിരെ രംഗത്ത് വന്ന ബിജെപി എംപി മനേക ഗാന്ധിയുടെ നിലപാട് സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെ ദുരിതം മനസ്സിലാക്കാതെയുള്ളതാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെയും മറ്റു ജനങ്ങളുടെയും ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്. വനത്തിനുള്ളില്‍ കടന്ന് കാട്ടുപന്നികളെ വെടിവെക്കാനും നശിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ നല്ല ഉദ്ദേശ്യത്തെ തകിടം മറിയ്ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ച്ചയായി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കാണാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭാ യോഗമാണ് കാട്ടുപന്നികളെ നശിപ്പിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കാനാണ് അനുമതി. വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media