കണ്ണൂര്‍: തന്റെ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. അത് പ്രസിദ്ധീകരിക്കാന്‍ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാന്‍ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാര്‍ത്തയാണ് ഞാന്‍ കാണുന്നത്. അതിനു താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍.
എന്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡിസി ബുക്‌സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താന്‍ പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രസിദ്ധീകരണക്കാരുടെ പ്രത്യേക നടപടികള്‍ ഉണ്ടോ എന്നും സംശയമുണ്ട്. ഇതുവരെ പുസ്തകം ഞാന്‍ എഴുതിക്കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള പരാമര്‍ശം ബോധപൂര്‍വം ഉണ്ടാക്കിയതാണ്. പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസി പുറത്തിറക്കും എന്ന് പറയുന്ന പുസ്തകം ഏതാണെന്ന് തനിക്കറിയില്ല. തികച്ചും മാനിപുലേറ്റ് ചെയ്തതാണ് പുസ്തകത്തിലെ കാര്യങ്ങള്‍. പുറത്തു വന്നവയെല്ലാം പൂര്‍ണമായും വ്യാജമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണിത്. ഇതിനെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും. പുസ്തകത്തിന്റെ കവര്‍പേജ് പോലും താന്‍ കണ്ടിട്ടില്ല. തന്നെ ഉപയോഗിച്ചു കൊണ്ട് തെറ്റായ വാര്‍ത്തയുണ്ടാക്കുകയാണ്. തന്നെയും പാര്‍ട്ടിയെയും നശിപ്പിക്കാനുള്ള ലക്ഷ്യമാണിതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.