വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു;  ചുഴിലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്നു
 


കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന വീടുകളാണ് തകര്‍ന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകള്‍ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. 

മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പു കടവ് പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവന്‍തുരുത്തി പെരവന്‍മാട് കടവില്‍ തോണി മറിഞ്ഞും അപകടമുണ്ടായി. തോണിയില്‍ ഉണ്ടായിരുന്ന മൂന്ന് പേരേയും രക്ഷപ്പെടുത്തി. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. അതേസമയം, വയനാട്ടിലും വിവിധ ഭാഗങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ മേപ്പാടിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. വെള്ളാര്‍മല വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുത്തുമല, മുണ്ടക്കൈ യുപി സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

കനത്ത മഴയെ തുടര്‍ന്ന്  മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് കൂവളം കുന്നിലേക്ക് പോകുന്ന റോഡിന് സമീപം പുഴയരികിലും മുണ്ടക്കൈയില്‍ ജനവാസമില്ലാത്ത മേഖലയിലും മണ്ണിടിച്ചില്‍ ഉണ്ടായി. പുത്തുമല കാശ്മീര്‍ ദ്വീപിലെ 3 കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും മുന്‍കരുതല്‍ എന്ന നിലയ്ക്ക് ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിലവില്‍ 772.85 ആണ് ജലനിരപ്പ്. 773 മീറ്റര്‍ ആയാല്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. മലപ്പുറത്ത് ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്കു സമീപം താമസിക്കുന്നവര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കണ്ണൂരിലും മലയോര മേഖലയില്‍ മഴ കനത്തതിനാല്‍ പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media