മലപ്പുറം: താനൂരില്‍ ഇരുപത്തിരണ്ട് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ചു. പരിശോധനക്ക് ശേഷം ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ഇയാളെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്തിരുന്നു. പ്രതിക്കെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ സ്ഥലത്തേക്ക് എത്തിക്കുക.
ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. സ്രാങ്കു ജീവനക്കാരനും ജില്ല വിട്ട് പോയില്ലെന്ന് പൊലീസ് നിഗമനം. ബോട്ടപകടത്തിന്റെ പ്രത്യേക അന്വേഷണത്തിന് ഉത്തരമേഖല ഐജി മേല്‍ നോട്ടം വഹിക്കും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും.
ബോട്ടപകടം ഉണ്ടായ തൂവല്‍ തീരത്ത് ഇന്നും എന്‍ഡിആര്‍എഫ് തെരച്ചില്‍ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15 അംഗ എന്‍ഡിആര്‍എഫ് യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു. ആരെയും കണ്ടെത്താനുള്ളതായി സ്ഥിരീകരണമില്ലെങ്കിലും ഒരു ദിവസം കൂടി തെരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. യാതൊരു സുരക്ഷാ ചട്ടങ്ങളും പാലിക്കകത്തെ ബോട്ടില്‍ ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമായതെന്നത് ഇതിനോടകം വ്യക്തമായിട്ടുണ്ട്.