ദില്ലി: രാഷ്ട്രപതിയുടെ റഫറന്‍സുമായി ബന്ധപ്പെട്ട വാദത്തിന്റെ ആറാം ദിവസം സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ബില്ലുകള്‍ തടഞ്ഞുവെക്കുന്ന ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാന്‍ ആകില്ല എന്ന് സുപ്രീംകോടതി ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ബില്ലുകളില്‍ കാലതാമസം നേരിടുന്ന കേസുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാം. ഒരു പ്രത്യേക സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കാം. എന്നാല്‍ ഇതിനര്‍ത്ഥം പൂര്‍ണ്ണമായ സമയ പരിധി നിശ്ചയിക്കലല്ല എന്നും കോടതി നീരീക്ഷിച്ചു.
സമയ പരിധി തീരുമാനിക്കുന്നത് കോടതി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് തുല്യമെന്ന് ജസ്റ്റിസ് വിക്രം നാഥ് വാക്കാല്‍ പറഞ്ഞു. ഗവര്‍ണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചു. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയപരിധികള്‍ ആവശ്യമാണ് എന്നായിരുന്നു റഫറന്‍സിലെ എതിര്‍വാദം.