ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇതുവരെ ഇറാന്റെ ക്ഷമ എന്താണെന്ന് ലോകം കണ്ടു. എന്നാല്‍ ഇനിയും ഞങ്ങള്‍ക്ക് ക്ഷമിക്കാനാകില്ല. നാവിക ഉപരോധം തുടരുന്നത് ക്ഷമിക്കാന്‍ ഇറാന് കഴിയില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഈ നാവിക ഉപരോധവും യുദ്ധം തന്നെയെന്നും ഇനിയും തുടര്‍ന്നാല്‍ കടുത്ത തീരുമാനമെടുക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇറാന്‍ പരമോന്നത നേതാവിന്റെ പുതിയ സന്ദേശവും പുറത്തുവന്നിരുന്നു. മിസൈല്‍, ആണവ ശേഷികളില്‍ അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും മുജ്തബ ഖമനെയി വ്യക്തമാക്കിയിരുന്നു. ഹോര്‍മൂസ് നിയന്ത്രിക്കാന്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം മേഖലയ്ക്ക് പുരോഗതി നല്‍കുമെന്നും, ഭാവിയില്‍ അമേരിക്കയ്ക്ക് മേഖലയില്‍ സ്ഥാനമുണ്ടാകില്ലെന്നുമാണ് പരമോന്നത നേതാവിന്റെ സന്ദേശത്തില്‍ പറയുന്നത്. ഇതോടെ അമേരിക്ക - ഇറാന്‍ സമാധാന ചര്‍ച്ചകളുടെ സ്ഥിതിയെന്താകുമെന്നതില്‍ ആകാംക്ഷയേറി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്നാണ് ഇറാന്‍ പരമോന്നത നേതാവിന്റെ പുതിയ സന്ദേശം. ഹോര്‍മസിലും പേര്‍ഷ്യന്‍ ഗള്‍ഫിലും ഇറാന്‍ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂര്‍ണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോര്‍മുസ് നിയന്ത്രിക്കാന്‍ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാന്‍ പരമോന്നത നേതാവിന്റെ സന്ദേശം. അമേരിക്കന്‍ സാന്നിധ്യമാണ് മേഖലയില്‍ അരക്ഷിതാവസ്ഥക്ക് കാരണമെന്നും മൊജ്തബ കുറ്റപ്പെടുത്തി. അയല്‍ രാജ്യങ്ങളുമായി ചേര്‍ന്നു പോകേണ്ടവരാണ് ഇറാന്‍ ജനത. എന്നാല്‍ അമേരിക്കയുടെ സാന്നിധ്യം എന്നും പ്രദേശത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാണ്. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യന്‍ മേഖലയിലല്ല, മറിച്ച് കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് തെളിയിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് സന്ദേശത്തില്‍ കടുപ്പിച്ചു പറഞ്ഞു. അയല്‍രാജ്യങ്ങളുമായി ചേര്‍ന്നുപോകാമെന്നും പുതിയ സംവിധാനം വഴി മേഖലയില്‍ സമാധാനവും സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ ഒന്നിച്ചു പോകാമെന്ന് ഹോര്‍മൂസ്, ഒമാന്‍ കടല്‍, ഗള്‍ഫ് അയല്‍ രാജ്യങ്ങളോട് ഇറാന്‍ പരമോന്നത നേതാവ് വിവരിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങള്‍ സ്തംഭിച്ചു നില്‍ക്കെ ലോകം കാത്തു നിന്ന ഇറാന്‍ പരമോന്നത നേതാവിന്റെ നിലപാട് വിട്ടുവീഴ്ച്ചയ്ക്ക് വഴങ്ങാത്തതാണ്. സമാധാന ചര്‍ച്ചകളില്‍ ഇറാന്റെ ഉപാധികള്‍ തള്ളിയതോടെ പരമോന്നത നേതാവിന്റെ നിലപാട് കാക്കുകയായിരുന്നു ലോകം. ഇതോടെ സമാധാന നീക്കങ്ങളിന് എങ്ങോട്ടെന്നതില്‍ ആശങ്കയേറി. പ്രശ്‌നത്തിലെ നയതന്ത്ര നീക്കങ്ങള്‍ ഏറെക്കുറെ സ്തംഭിച്ചു നില്‍ക്കുന്നതിനിടെ, ഇറാന് മേല്‍ തുടര്‍ന്നും ആക്രമണം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന്‍ നിലപാടറിയിച്ചിട്ടുണ്ട്. ചര്‍ച്ചകളിലെ സ്തംഭനമൊഴിവാക്കി സമ്മര്‍ദം കൂട്ടാന്‍ വീണ്ടും കനത്ത ആക്രമണം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ആസൂത്രണം ചെയ്യുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.