ലക്‌നൗ: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതിയുടെ അനുമതി നല്‍കിയ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32) യ്ക്ക് സുപ്രിംകോടതി ദയാമരണം അനുവദിച്ചത്. 13 വര്‍ഷമായി കോമയിലായിരുന്നു ഹരീഷ് റാണ, നേരത്തെ, ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ മാറ്റിയിരുന്നു. ഡല്‍ഹി എയിംസിലെ പാലിയേറ്റിവ് കെയര്‍ വാര്‍ഡില്‍ പത്ത് ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹരീഷ് റാണ.
ഹരീഷ് ഏതു സമയവും സ്വാഭാവികമായി മരണത്തിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അന്തസ്സായി മരിക്കാനുള്ള അവകാശം പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ദയാവധത്തിനു അനുമതി നല്‍കിയത്. യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയാവധം നല്‍കണമെന്ന് അപേക്ഷിച്ചാണ് വയോധികരായ മാതാപിതാക്കള്‍ സുപ്രിംകോടതിയെ സമീപിച്ചത്. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടര്‍ന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു.