കോഴിക്കോട് : എംബിബിഎസ് കോഴ്‌സില്‍ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ മുരളീധരന്‍ വിളിച്ചുചേര്‍ത്ത യോഗം വെള്ളിയാഴ്ച ചേരും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും. നിര്‍ദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളേജുകള്‍. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിര്‍ദേശമെന്നാണ് സ്വാശ്രയ മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ പറയുന്നത്.
എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കാനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാലര വര്‍ഷ കോഴ്‌സിന് അഞ്ചുവര്‍ഷ ഫീസ് വാങ്ങുന്നതിലാണ് നടപടി. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ട പ്രകാരം എംബിബിഎസ് കോഴ്‌സിന്റെ കാലയളവ് 54 മാസമാണ്. അതായത് നാലര വര്‍ഷം. യഥാര്‍ത്ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് നേരത്തെ തന്നെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഇതിലാണ് വീണ്ടും കമ്മീഷന്‍ ഇടപെടല്‍. വിദ്യാര്‍ഥികളില്‍ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്നാണ് നിര്‍ദേശം. കോളേജുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണം.
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ അധികമായി അടയ്‌ക്കേണ്ടി വരുന്ന ഫീസ് മൂന്നര ലക്ഷം മുതല്‍ 6 ലക്ഷം വരെയാണ്. പരാതി ഉയര്‍ന്നതിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നാലര വര്‍ഷ ഫീസ് മാത്രമേ വാങ്ങാവുവെന്ന് മൂന്നര മാസം മുമ്പ് ആദ്യ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കേരളത്തില്‍ സ്വാശ്രയ കോളേജുകളുടെ വരവുചെലവ് കണക്കുകള്‍ അടക്കം പരിശോധിച്ച് ഫീസ് നിര്‍ണയ സമിതിയാണ് സംസ്ഥാനത്ത് ഓരോ വര്‍ഷവും ഫീസ് നിശ്ചയിക്കുന്നത്. ആദ്യ വര്‍ഷം അടക്കുന്ന ഫീസ് അടുത്ത കൊല്ലങ്ങള്‍ക്കും ബാധകമാക്കുന്നതാണ് രീതി. ഇത് അംഗീകരിച്ച് സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവിലും പറയുന്നത് അഞ്ച് വര്‍ഷത്തെ ഫീസ് എന്നാണ്. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.
എന്‍എംസി ഉത്തരവ് പ്രകാരം കോടിക്കണക്കിന് രൂപ കേരളത്തിലെ സാശ്രയ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കേണ്ടിവരും. ഇത് എങ്ങിനെ കൊടുക്കാതിരിക്കാം എന്ന തന്ത്രമാണ് അവര്‍ മെനയുന്നത്. സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളില്‍ നിന്ന് ആധികമായ വാങ്ങിച്ച ഫീ്‌സി തിരികെ ലഭിക്കൂ.