അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്ക് പ്രത്യേകപദ്ധതി
നവജാതശിശുക്കള്‍ക്ക് ഐസിയു
പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കള്‍ക്കുള്ള ഐസിയു ഉടന്‍ ആരംഭിക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കും. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും. പീഡിയാട്രിഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കും. ചുരമിറങ്ങാതെ അട്ടപ്പാടിയില്‍ തന്നെ ചികിത്സ ലഭ്യമാക്കുമെന്നും ഊരുകള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് അട്ടപ്പാടിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി, വിവരങ്ങള്‍ നേരിട്ട് ചോദിച്ച് മനസിലാക്കി. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദിവാസി ഗര്‍ഭിണികളില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണ്. അട്ടപ്പാടിയില്‍ നവജാത ശിശു മരണം തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്.
രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭിണികളെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതല്‍ ഗുരുതരം.