ദില്ലി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ രംഗത്ത്. മോദി സര്‍ക്കാര്‍ അത്തരമൊരു വിഡ്ഢിത്തരം കാണിക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് തരൂര്‍ പറഞ്ഞത്. നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത വിലമതിക്കാനാകാത്ത ബ്രാന്‍ഡ് മൂല്യം ഇന്ത്യ എന്ന പേരിനുണ്ടെന്നും അത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ഭാരതമെന്ന് വിളിക്കുന്നതിന് ഭരണഘടന പ്രശ്‌നങ്ങളില്ലെന്നും രണ്ടും ഇന്ത്യയുടെ ഔദ്യോഗിക പേരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. രണ്ട് പേരുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
അതേസമയം റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചനകളാണ് ഇന്ന് രാവിലെ മുതല്‍ പുറത്തുവരുന്നത്. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതോടെയാണ് അഭ്യൂഹം ശക്തമായത്. സാധാരണ ഹിന്ദിയില്‍ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുള്ളത്. ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിചേര്‍ക്കുന്നതോടെ ഔദ്യോഗിക രേഖകളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ അംഗീകരിച്ച പേര്. എന്നാല്‍ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് എന്നത് പാസ്‌പോര്‍ട്ടിലുള്‍പ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നേക്കും. എന്നാല്‍ ഈ നീക്കത്തെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും തുടക്കം മുതലേ എതിര്‍ക്കുകയാണ്. ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതുള്‍പ്പടെയുള്ള പദവികള്‍ മാറ്റിയെഴുതുന്നത് ഉചിതമല്ല എന്നാണ് ഭരണഘടന വിദഗ്ധരുടെ നിലപാട്.