കൊവിഡ് മുക്തരുടെ മുഖത്തെ തടിപ്പും മാറാ തലവേദനയും ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങള്‍: എയിംസ് മേധാവി
ദില്ലി:രാജ്യത്ത് പുതിയ പ്രതിസന്ധിയായി പടര്‍ന്ന് പിടിക്കുന്ന ബ്ലാക്ക് ഫംഗസ് കൊവിഡ് മുക്തരില്‍ തിരിച്ചറിയാന്‍ അടയാളങ്ങള്‍ വിശദികരിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.
കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ച ശേഷവും വിട്ടു മാറാതെ തലവേദനയും മുഖത്തെ നീര്‍വീക്കവും തുടരുകയാണെങ്കില്‍ അടിയന്തരമായി ഡോക്ടറെ കണ്ട് ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വായിലെ നിറം മാറുക, മുഖത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംവേദനം കുറയുക, പല്ലിളകല്‍ തുടങ്ങിയവ ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണ്. നെഞ്ച് വേദന, ശ്വാസ തടസ്സം, കാഴ്ച മങ്ങല്‍, ഇരട്ടിയായി കാണുക എന്നിവയും ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണ്.
ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു. പ്രമേഹ ജനസംഖ്യയിലുള്ള കൂടുതലും, ഉത്തേജക മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗവും വില്‍പ്പനയും കാരണമാണത്.
അണുബാധയുണ്ടോ എന്നറിയാന്‍ സൈനസുകളുടെ എക്‌സ്-റേ അല്ലെങ്കില്‍ സി.ടി. സ്‌കാന്‍ നടത്താവുന്നതാണ്. രക്ത പരിശോധന നടത്തിയും രോഗം നിര്‍ണയിക്കാന്‍ കഴിയും.
എല്ലാ പ്രായക്കാര്‍ക്കും കൊവിഡ് ബാധിതര്‍ അല്ലാത്തവര്‍ക്ക് പോലും ബ്ലാക്ക് ഫംഗസ് ബാധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പ്രമേഹ രോഗികളായ 40 വയസ്സിനു മുകളിലുള്ളവര്‍ കൂടുതല്‍ സാധ്യതയുള്ളവരാണ്. കുട്ടികള്‍ക്ക് അപകടസാധ്യത കുറവാണ്, കാരണം ഭൂരിഭാഗം കുട്ടികളിലും നേരിയ കൊവിഡ് അണുബാധ മാത്രമേ ഉള്ളൂ. രാജ്യത്ത് മെയ് 22 വരെ 8848 പേരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.