ജോ ബൈഡനും കമലയും ഇന്ന് അധികാരമേല്‍ക്കും
വാഷിങ്ടണില്‍ കനത്ത സുരക്ഷ
വാഷിങ്ടണ്‍: വിവാദങ്ങള്‍ നിറഞ്ഞ തെരഞ്ഞെടുപ്പിനും ക്യാപിറ്റോള്‍ കലാപത്തിനും ശേഷം അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാവുക. ക്യാപിറ്റോള്‍ കലാപ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് വാഷിങ്ടണിലുള്ളത്. ട്രംപ് അനുകൂലികള്‍ അക്രമം നടത്തിയേക്കുമെന്ന് സുരക്ഷാ ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രംപ് അനുകൂലികള്‍ അക്രമത്തിന് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടായിരത്തോളം സായുധ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളാണ് പാര്‍ലമെന്റ് മന്ദിരത്തിനും വൈറ്റ് ഹൗസിനും സുരക്ഷയൊരുക്കുന്നത്. വാഷിങ്ടണ്‍ നഗരത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കായി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. അതേസമയം തന്നെ നാഷണല്‍ ഗാര്‍ഡ് ട്രൂപ്‌സിലെ 12 അംഗങ്ങളെ ചടങ്ങിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് 12 പേരെ മാറ്റി നിര്‍ത്തിയതെന്ന് നാഷണല്‍ ഗാര്‍ഡ് ബ്യൂറോ ചീഫ്, ജനറല്‍ ഡാനിയേല്‍ ഹോകാന്‍സണ്‍ പറഞ്ഞു. ഇവരില്‍ രണ്ട് പേര്‍ ജോ ബൈഡന്റെ സ്ഥാനാരോഹണത്തെക്കുറിച്ച് അനുചിതമായി പ്രതികരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം 12 പേര്‍ക്കും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിടവാങ്ങല്‍ പ്രസംഗത്തില്‍ പുതിയ ഭരണത്തിന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശംസകള്‍ നേര്‍ന്നു. ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് ട്രംപ് ആശംസ നേര്‍ന്നത്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും ട്രംപ് പറഞ്ഞു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നില്‍ക്കാതെ ട്രംപ് വൈറ്റ് ഹൗസ് വിടുമെന്നാണ് റിപ്പോര്‍ട്ട്.