സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു; ആശങ്കപ്പെടേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. പോരായ്മകള്‍ പരിഹരിക്കുമെന്നും ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഒന്നര വര്‍ഷത്തെ തുടര്‍ച്ചയായ അടച്ചിടലിനു ശേഷമാണ് കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ വീണ്ടും ഉണര്‍ന്നത്. കാത്തിരിപ്പിന്റെ വിരസനാളുകള്‍ തീര്‍ന്ന സന്തോഷത്തിലാണ് കുരുന്നുകള്‍ക്ക്. അക്ഷരമരവും വര്‍ണഭംഗിയുള്ള ചിത്രച്ചുമരുകളും കളിമുറ്റങ്ങളും തോരണങ്ങളുമാണ് കുട്ടികളെ വരവേറ്റത്.