സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണ വില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 35,800 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,475 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1789 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,040 രൂപയായിരുന്നു വില. ഗ്രാമിന് 4505 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണ വില താഴ്ന്നത്. പവന് 240 രൂപയാണ് കുറഞ്ഞത്. ഉയരുന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണമായിരുന്നു.
ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. പിന്നീട് സ്വര്‍ണ വില ഉയരുകയായിരുന്നു. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. ഈ മാസം വില ഉയര്‍ന്നെങ്കില്‍ കഴിഞ്ഞ മാസം പവന് 1,000 രൂപയാണ് കുറഞ്ഞത് .