പാറ്റ്‌ന: പല സംസ്ഥാനങ്ങളിലെയും പൊലീസ് അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധമാണ്. ബിഹാറിലെ പൊലീസും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ. ബിഹാറിലെ സഹര്‍സ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നത്.ജയിലിലടയ്ക്കപ്പെട്ട തന്റെ മകനെ പുറത്തുകൊണ്ടുവരാനായി സ്റ്റേഷനിലെത്തിയ സ്ത്രീയെക്കൊണ്ട് നിര്‍ബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ മസാജ് ചെയ്യിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദര്‍ഹാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് സ്ത്രീ മസാജ് ചെയ്യുന്നത്.
ഒരു അഭിഭാഷകനുമായി പൊലീസ് സംസാരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്ഡിപിഒ) സംഭവം സ്ഥിരീകരിച്ചതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ദൃശ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജില്ലാ എസ്പിക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയതായും ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.