നിപ്പ: സുരക്ഷ വാക്കിലൊതുങ്ങുന്നു സ്രവമെടുക്കാന്‍
ആടിനെ പിടിച്ചുവച്ചുകൊടുക്കുന്നത് കയ്യുറപോലും ഇല്ലാതെ
കോഴിക്കോട്: കോഴിക്കോട്ടെ നിപ്പ ബാധിത പ്രദേശത്ത് കനത്ത ജാഗ്രതയും സുരക്ഷയും വേണമെന്ന് ആരോഗ്യമന്ത്രിയും അധികൃതരും ആവര്‍ത്തിച്ചു പറയുമ്പോളും കാര്യം തഥൈവ. നിപ്പ ബാധിച്ച് മരണപ്പെട്ട മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടിന്റെ സ്രവം ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനക്കായി എടുത്തു. മുഹമ്മദ് ഹാഷിം മേയ്ക്കാന്‍ കൊണ്ടുപോയിരുന്നു ഈ ആടിനെ. ദിവസങ്ങള്‍ക്ക് മുമ്പ് ആട് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആടിന്റെ സ്രവം പരിശോധനക്കായി എടുത്തത്. പിപിഇ കിറ്റൊക്കെ ധരിച്ച് അതീവ സുരക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകരും മൃഗ സംരക്ഷണ വകുപ്പുകാരുമെത്തി സ്രവം എടുത്തത്. എന്നാല്‍ ആടിന്റെ പിടിച്ചു വച്ചുകൊടുത്ത ആള്‍ക്ക് കയ്യുറയില്ല. മാസ്‌കിനു പകരം തോളിലിട്ടിരുന്ന തോര്‍ത്തുമുണ്ട് കൊണ്ട് മുഖം മൂടിയിരിക്കയാണ്. ആടിന്റെ തലഭാഗം ഉള്‍പ്പെടെയാണ് ഇയാള്‍ കൂട്ടിപ്പിടിച്ചിരിക്കുന്നത്.
സുരക്ഷിതരായി എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതല്ലെ?. അവരെയും ബോധവത്ക്കരിച്ച് പിപിഎ കിറ്റുള്‍പ്പെടെ സുരക്ഷാ കവചങ്ങള്‍ ധരിപ്പിക്കേണ്ടതല്ലെ. പ്രത്യേകിച്ച് നിപ്പ പോലെ അതീവ ജാഗ്രത വേണ്ട ഒരു അസുഖം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത്. ചാത്തമംഗലം പഞ്ചായത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. എന്നിട്ടും ആടിന്റെ സ്രവം എടുക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ആളുകളെ തിരക്കായിരുന്നു. അവിടെയും ഒരു നിയന്ത്രണവുമില്ല. ആളുകള്‍ക്കാവട്ടെ ഭയവുമില്ല.