കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നേരത്തെ അറിയിച്ചതിലും കൂടുതല്‍ ഖണ്ഡികകള്‍ ഒഴിവാക്കി. അതിനിടെ ഒഴിവാക്കുമെന്ന് പറഞ്ഞ ഖണ്ഡിക അബദ്ധത്തില്‍ പുറത്തായത് സര്‍ക്കാരിനെ വെട്ടിലാക്കി. 299 പേജുകളുള്ള ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ 66 പേജുകള്‍ ഒഴിവാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചില ഖണ്ഡികകളും ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നു. 21 ഖണ്ഡികകള്‍ ഒഴിവാക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ അറിയിച്ചതിനേക്കാള്‍ നൂറിലധികം ഖണ്ഡികകള്‍ അധികമായി ഒഴിവാക്കി. 129 ഖണ്ഡികകളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനെ മറികടന്നാണ് സര്‍ക്കാരിന്റെ ഈ നടപടി. അപേക്ഷകര്‍ക്ക് നല്‍കി അറിയിപ്പിലും ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഉന്നതരെ രക്ഷിക്കാനുള്ള നിക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഉള്ളതിനേക്കാള്‍ ഗുരുതരമായ ഭാഗങ്ങള്‍ ഒഴിവാക്കിയ ഖണ്ഡികകളില്‍ ഉണ്ടെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ സ്വകാര്യതയെ മാനിച്ചാണ് വരികള്‍ ഒഴിവാക്കിയത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിയമപരമായി അല്ലാതെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു
അതിനിടെ ഒഴിവാക്കുമെന്ന് പറഞ്ഞ ഒരു ഖണ്ഡിക പുറത്തായത് സര്‍ക്കാരിനെ വെട്ടിലാക്കി. 96 ആം ഖണ്ഡികയാണ് പുറത്തായത്. ഉന്നതര്‍ക്ക് സിനിമ മേഖലയിലെ പീഡനങ്ങളില്‍ പങ്കുണ്ടെന്ന് വിശദീകരിക്കുന്ന ഭാഗമാണ് പുറത്തായത്. സിനിമയിലെ അതി പ്രശസ്തരുടെ ലൈംഗിക ചൂഷണം എന്ന മൊഴി അവിശ്വസിക്കാന്‍ കഴിയില്ലെന്ന ഹേമ കമ്മിറ്റിയുടെ വിലയിരുത്തലാണ് പുറത്തായത്.