ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് തന്റെ അവസാന
വീടും വിറ്റു; ലക്ഷ്യം ചൊവ്വയിലൊരു കോളനി
ചൊവ്വയിലൊരു കോളനി സ്ഥാപിക്കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഏറെക്കാലത്തെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിനായി തന്റെ കൈയിലുള്ള വസ്തുവകകളെല്ലാം വില്‍ക്കുമെന്ന് ഏറെക്കാലമായി ഇലോണ്‍ പറയുന്നുമുണ്ട്. എന്നാല്‍ അതിനായി തന്റെ പേരിലുണ്ടായിരുന്ന അവസാന വീടും വസ്തുവും വിറ്റിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. 210 കോടി രൂപയ്ക്കാണ് അദ്ദേഹം സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഹില്‍സ്ബറോയിലുള്ള 47 ഏക്കര്‍ പുരയിടവും ബംഗ്ലാവും വിറ്റത്.
തന്റെ കൈയിലുള്ള മിക്ക വസ്തുവകകളും വിറ്റിട്ടും ഹില്‍സ്ബറോയിലുള്ള ഈ വീടും മാത്രം ഇലോണ്‍ വില്‍ക്കാതെ വെച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അദ്ദേഹം ഈ വീടിനോട് ഒരു പ്രത്യേക ഇഷ്ടം വെച്ചിരുന്നു എന്നും പരക്കെ ഒരു സംസാരമുണ്ട്. തന്റെ ഉള്ളില്‍ ഏറെ സവിശേഷതയോടെ സൂക്ഷിച്ച സ്ഥലമാണിതെന്നും ഒരു വലിയ കുടുംബത്തിന് മാത്രമേ ഇത് വില്‍ക്കുകയുള്ളു എന്നും മസ്‌ക് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
150 വര്‍ഷത്തോളം ക്രിസ്ത്യന്‍ ഡി ഗ്യൂന്‍ എന്നയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വീട് 150 കോടി രൂപ ചെലവിട്ട് 2017 ലാണ് സ്വന്തമാക്കിയത്. ഒന്‍പതു കിടപ്പുമുറികളും 10 ബാത്ത്‌റൂമുകളുമുള്ള ഈ ബംഗ്ലാവിന്റെ വിസ്തീര്‍ണം 16000 ചതുരശ്രയടിയാണ്. ജോണ്‍ ബ്രെട്ടോര്‍ റിയല്‍ എസ്റ്റേറ്റ് എന്ന കമ്പനിയാണു മസ്‌കിന്റെ വീടും വസ്തുവും വാങ്ങിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനാണ് ഇലോണ്‍ മസ്‌ക്. 2050 ഓടെ ചൊവ്വയില്‍ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കണമെന്നാണ് മസ്‌കിന്റെ ആഗ്രഹം. ഈ സ്വപ്നസാക്ഷത്കാരത്തിനായുള്ള പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് തന്റെ കൈയിലുള്ള വസ്തുവകകളെല്ലാം മസ്‌ക് വില്‍ക്കാന്‍ തുടങ്ങിയത്. ഈ കോളനി പണികഴിപ്പിച്ചതിന് ശേഷം അവിടെ തന്നെ ഒരു നഗരം പണിയണമെന്നതും മസ്‌കിന്റെ വലിയ സ്വപ്നമാണ്. ടെക്‌സസിലെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇപ്പോള്‍ ഇലോണ്‍ താമസിക്കുന്നത്.
ആഫ്രിക്കയിലാണ് ജനിച്ചതെങ്കിലും കോളേജ് പഠനത്തിനായി 1989 ല്‍ മസ്‌ക് കാനഡയിലേക്ക് എത്തി. അവിടെ നിന്ന് 1992 ലാണ് തന്റെ സ്വപ്നമായ യുഎസിലെത്തിലേക്കെത്തുന്നത്. ബിസിനസ് മേഖലയിലാണെങ്കിലും സാങ്കേതിക മേഖലയിലാണെങ്കിലും തന്റെ വൈദഗ്ധ്യം തെളിയിച്ച മസ്‌കിന്റെ ചൊവ്വ സ്വപ്നത്തിലേക്കാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
സഹോദരന്റെ കമ്പനിയായ സിപ്2 കോര്‍പറേഷന്‍ വിറ്റുകിട്ടിയ പണം കൊണ്ടാണ് മസ്‌ക് എക്‌സ്.കോം എന്ന കമ്പനി തുടങ്ങിയത്. പിന്നീടു പേയ്പാല്‍ എന്ന പേരില്‍ പ്രശസ്തമായ ഈ കമ്പനിയാണ് വ്യവസായമേഖലയിലേക്കുള്ള മസ്‌കിന്റെ വളര്‍ച്ചയ്ക്ക് വലിയൊരു കാരണമായി. 2002 ല്‍ ഈ കമ്പനി ഇബേ ഏറ്റെടുക്കുകയും തുടര്‍ന്നു മസ്‌ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്‌പേസ് എക്‌സ് കമ്പനി സ്ഥാപിക്കുകയായിരുന്നു. 2008 മുതലാണ് നാസ തങ്ങളുടെ സേവനങ്ങള്‍ക്കായി സ്‌പേസ് എക്‌സിനെ ആശ്രയിച്ചു തുടങ്ങിയത്.