കേരളത്തില്‍ അതീവ ജാഗ്രത നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം കണക്കിലെടുത്ത് കേരളത്തിലും അതീവ ജാഗ്രത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
തീവ്രന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരം തൊടുന്നതോടെ കേരളത്തിലും മഴ ശക്തമാകും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, തുടര്‍ച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നാളെ പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരം തൊടും. പോണ്ടിച്ചേരിക്ക് സമീപത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. കാര്യമായ സ്വാധീനം കേരളത്തില്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്തമായ തുടരും. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ക്യാമ്പുകള്‍ സജ്ജീകരിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.