ജൂണ്‍ ഒന്ന് മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധം
ദില്ലി: രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള പ്യൂരിറ്റി സര്‍ട്ടിഫിക്കേഷനാണ് ബിഐഎസ് ഹാള്‍മാര്‍ക്കിങ്. ഹാള്‍മാര്‍ക്കിങ്ങിലേക്ക് മാറുന്നതിനും ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ജ്വല്ലറികള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തിലധികം സമയം അനുവദിച്ചിരുന്നു.
നേരത്തെ ജനുവരി 15 മുതല്‍ ഹാള്‍മാക്കിങ് നിര്‍ബന്ധമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സമയപരിധി നീട്ടി നല്‍കണമെന്ന ജ്വല്ലറിയുടമകളുടെ ആവശ്യം പരിഗണിച്ച് ഇത് നാല് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അതേസമയം സമയപരിധി ഇനി നീട്ടി നല്‍കില്ലെന്നും ബിഐഎസ് ഹാള്‍മാര്‍ക്കിങ് പ്രക്രിയകള്‍ പൂര്‍ത്തിയായതായും ഉപഭോക്തൃ കാര്യ സെക്രട്ടറി ലീന നന്ദന്‍ പറഞ്ഞു. നിലവില്‍ 34,647ത്തോളം ജ്വല്ലറികള്‍ ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്ത ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം ജ്വല്ലറികള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാകും. ജൂണ്‍ മുതല്‍ 14, 18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ മാത്രമേ ജ്വല്ലറികള്‍ക്ക് അനുവാദമുള്ളെന്നും ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു. കൂടാതെ ജൂണ്‍ മുതല്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പിലാക്കാന്‍ തയ്യാറാണെന്നും നിലവില്‍ തീയതി നീട്ടാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2000 ഏപ്രില്‍ മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്കിങ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. നിലവില്‍ 40 ശതമാനത്തോളം സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിങ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത്. ഇത് പൊതുജനങ്ങളെ താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍നിന്ന് സംരക്ഷിക്കുമെന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ബിഐഎസ് പറഞ്ഞു. അതേസമയം സ്വര്‍ണം വില്‍ക്കുന്നതിനും ബിഐഎസ് മുദ്ര നിര്‍ബന്ധമാണ്, ബിഐഎസ് ഹാള്‍മാര്‍ക്കിങ് ഇല്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയ്ക്കുന്നത് കുറ്റകരമായേക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 700-800 ടണ്‍ സ്വര്‍ണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്.