ലഖിംപൂര്‍ ഖേരി ആക്രമണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷന്‍. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ലഖിംപൂരില്‍ നിരപരാധികളുടെ അരുംകൊലയ്ക്കെതിരെ രാജ്യ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും കൊല്ലപ്പെട്ട കര്‍ഷകന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശനം നടത്തുകയും ചെയ്തതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായി. പ്രതി സ്ഥാനത്തുള്ള കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതും വ്യാപക വിമര്‍ശനത്തിനിടയാക്കി. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്കാണ് മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.