മുല്ലപ്പെരിയാര്‍ അണക്കെട്ട്: മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഒന്ന്,അഞ്ച്, ആറ് ഷട്ടറുകള്‍ 50 സെ മീ വീതമാണ് ഉയര്‍ത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2,974 ഘനയടിയാകും.
അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 3-4 ദിവസത്തേക്ക് കൂടി പടിഞ്ഞാറു ദിശയിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരം തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ന്യൂനമര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ നവംബര്‍ 3 വരെ തുടരാന്‍ സാധ്യതയുണ്ട്. നവംബര്‍ 3 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നാളെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.