കൊല്‍ക്കത്ത : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നടി ശ്രീലേഖ മിത്ര. പാലേരിമാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദം നടി തളളി. കേരളത്തില്‍ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ പറഞ്ഞു
ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഞാന്‍. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ഞാന്‍ പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും അവര്‍ ആവര്‍ത്തിച്ചു.