കെ,ടി. ജലീലിനെതിരെ ഹൈക്കോതയില്‍ സ്വപ്‌നയുടെ സത്യവാങ്മൂലം


ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു
 

 മാധ്യമം പത്രം നിരോധിക്കാന്‍ ആവശ്യപ്പെട്ട്  ഭരണാധികാരികള്‍ക്ക് കത്തയച്ചു


കൊച്ചി: കെ.ടി.ജലീലിനെതിരെ (KT Jaleel) ഹൈക്കോടതിയില്‍ (Kerala Highcourt) സത്യവാങ്മൂലം നല്‍കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh). പ്രോട്ടോക്കള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നു. മാധ്യമം ദിനപ്പത്രത്തിനെ (Madhyamam News Paper) ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ വച്ച് കെ.ടി.ജലീല്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തില്‍ സ്വപ്ന പറയുന്നു. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനല്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടത്താനായിരുന്നു ജലീലിന്റെ ശ്രമം. നയതന്ത്ര ചാനല്‍ വഴിയുളള ഇടപാടിന് സര്‍ക്കാരിനെ  ഭരിക്കുന്ന പാര്‍ട്ടിയുടെ  പിന്തുണയുണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്. 

സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാഷട്രത്തിന്റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയാണ് ജലീല്‍ കത്തയച്ചത്. കത്തിന്റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്‌സാപ്പ് ചാറ്റുകളും സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 

യുഎഇ ഭരണാധികാരുകളുമായി നല്ല അടുപ്പം സ്ഥാപിക്കാനാണ് ജലീല്‍ ഇതുവഴി ശ്രമിച്ചത്.ഇതിന് സഹായമൊരുക്കണമെന്ന് കോണ്‍സല്‍ ജനറലിനോട് ജലീല്‍ അഭ്യര്‍ഥിച്ചെന്നും സ്വപ്ന പറയുന്നു. മാധ്യമം പത്രം ഗള്‍ഫ മേഖലയില്‍ നിരോധിച്ചാല്‍ സര്‍ക്കാരിലും സിപിഎമ്മിലും തനിക്ക് ഗുണമുണ്ടാകുമെന്ന് ജലീല്‍ പറഞ്ഞെന്നും സ്വപ്നയുടെ സത്യവാങൂമൂലത്തില്‍ പറയുന്നുണ്ട്.  കോണ്‍സല്‍ ജനറലിന് കത്ത് കൈമാറാന്‍ താന്‍ ജലീലിനെ സഹായിച്ചെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. 

എന്‍ഐഎ പിടിച്ചെടുത്ത തന്റെ ഫോണ്‍ ഇപ്പോള്‍ കസ്റ്റഡി രേഖകളില്‍ ഇല്ലെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേളങ്ങളും ഈ ഫോണില്‍ ഉണ്ടായിരുന്നു. എന്‍ഐഎ അന്വേഷണത്തെ ഭയപ്പെടേണ്ടെന്ന് ശിവശങ്കര്‍ തന്നോട് നേരത്തെ തന്നെ പറഞ്ഞതാണെന്നും എന്‍ഐഎ നിറയെ കേരളാ കേഡര്‍ ഉദ്യോഗസ്ഥരാണെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്നും സ്വപ്ന സുരേഷിന്റെ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തെ അട്ടിമറിക്കാനും തന്നെ കുരുക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. 

രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ.ടി ജലീലിന്റെ പങ്ക് വ്യക്തമാവുന്ന തെളിവുകള്‍ ഇന്ന് കോടതില്‍ സമര്‍പ്പിക്കുമെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് അവകാശപ്പെട്ടിരുന്നു. 

തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ.ടി ജലീലിനെതിരെ സ്വപ്ന ഹൈക്കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ  വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍   സ്വപ്നക്കെതിരെ  ഗൂഡാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media