'പൊട്ടിയ തലയുടെ ഭാഗത്ത് മുടിയും കൂട്ടി സ്റ്റാപ്ലര്‍ പിന്‍ അടിച്ചു'; ആലപ്പുഴ മെഡിക്കല്‍ കോളേിനെതിരെ പരാതി
ആലപ്പുഴ: അപകടത്തില്‍പ്പെട്ട് തലയ്ക്ക് പരിക്കേറ്റ കുട്ടിക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട് കെ എ നൗഷാദാണ് മകന്‍ മുഹമ്മദ് ഇഹ്‌സാന് ചികിത്സ കിട്ടിയില്ലെന്നു കാട്ടി സൂപ്രണ്ടിന് പരാതി നല്‍കിയത്. ഒരാഴ്ച മുന്‍പാണ് സൈക്കിളുകള്‍ കൂട്ടിമുട്ടി മുഹമ്മദ് ഇഹ്‌സാന് തലക്ക് പരിക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉള്‍പ്പെടെ സ്റ്റാപ്ലര്‍ പിന്‍ അടിച്ചു വെക്കുകയായിരുന്നു.
മുറിവ് വ്യത്തിയാക്കുകയോ മുടി കളയുകയോ ചെയ്യാതെയാണ് ഇത് നടത്തിയത്. ടി ടി പോലും എടുത്തിരുന്നില്ലെന്ന് പിതാവ് പറയുന്നു. ഇതിന് ശേഷം കുട്ടിക്ക് അസ്വസ്ഥതയും വേദനയും കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുറിവ് വൃത്തിയാക്കുകയും. രണ്ടാമത് സ്റ്റിച്ചിടുകയുമായിരുന്നു. സ്വാബ് എടുത്ത് കള്‍ച്ചറിന് അയക്കുകയും ചെയ്തു. തന്റെ മകന് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് കാട്ടിയാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായി നൗഷാദ് പറഞ്ഞു.