ദില്ലി: സില്‍വര്‍ ലൈനിനു വേണ്ടി സ്ഥലമേറ്റെടുക്കുന്ന കെ റെയില്‍ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ റെയില്‍വേ ഹൈക്കോടതിയില്‍. കെറെയില്‍ ഭൂമി ഏറ്റെടുപ്പിനെതിരെ കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ പിന്തുണച്ച് ഇന്ത്യന്‍ റെയില്‍വേ ഹൈക്കോടതിയില്‍ നിലപാടെടുത്തത്.
കേസില്‍ വിശദമായ വാദമാണ് ഹൈക്കോടതി ഇന്ന് കേട്ടത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തടസമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാന്‍ റെയില്‍വേയുടെ പ്രത്യേക വിജ്ഞാപനം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഇതു പ്രത്യേക റെയില്‍വേ പ്രൊജക്ട് അല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസ് വിധിപറയാനായി കോടതി മാറ്റിവച്ചു.
കെറെയില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ വിവിധ വ്യക്തികള്‍ ഇതിനകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍വേ പൂര്‍ത്തിയാക്കാതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങള്‍ ലഭിച്ചത് എങ്ങനെയാണെന്നു സര്‍ക്കാരിനോടു കോടതി ചോദിച്ചിരുന്നു.