ദില്ലി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷയില്‍ ഇളവ്. എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ ശിക്ഷയാണ് അപ്പീല്‍ കോടതി ഇളവ് ചെയ്തത്. ഇവരുടെ വധശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്.ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ ഖത്തര്‍ വധശിക്ഷ വിധിച്ചിരുന്നത്. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.
മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2022 ഓഗസ്റ്റ് മുതല്‍ നാവികര്‍ ഖത്തറില്‍ തടവിലാണ്. കോടതി ഉത്തരവ് പുറത്തുവിടാത്തതിനാല്‍ എത്ര കാലമാണ് ജയില്‍ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല.