ബുള്‍സ് ഐ പോലുള്ള പകുതി വെന്ത മാംസം ഒഴിവാക്കണം; പക്ഷിപ്പനിയെ തുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
എന്നാല്‍ ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം.
തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറിനകം നശിച്ചു പോകും.ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.