വിസ്മയ മരണം; വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കൊല്ലം: ബിഎഎംഎസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി നായരെ (24) ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം 10നു കുറ്റപത്രം സമർപ്പിക്കും. കേസിലെ പ്രതിയും ഭാർത്താവുമായ എസ് കിരൺ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ജൂൺ 21നു പുലർച്ചെയാണു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിരൺ കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി 20ന് 90 ദിവസം പൂർത്തിയാകും. ഇതിനു മുന്നോടിയായി ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് നീക്കം.
സ്ത്രീധന പീഡന മരണം, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണു മുൻ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെതിരെ ചുമത്തിയത്. കുറ്റപത്രം അന്തിമ വിശകലനത്തിനായി സ്പെഷൽ പ്രോസിക്യൂട്ടർ ജി മോഹൻരാജിനു കൈമാറി.