അദ്വിക് കേട്ടു  കുമാരന്റെ നെഞ്ചില്‍ അച്ഛന്റെ ഹൃദയ സ്പന്ദനം!


 

കെ.എം.സന്തോഷ് 
കോഴിക്കോട്:  അദ്വിക്കിന്റെ കുഞ്ഞു ചെവിയില്‍ ഡോ. മുരളീ വെട്ടത്ത് സ്‌റ്റെതസ്‌കോപ്പ് തിരുകി. പിന്നെ പെലീസ് ഇന്‍സ്‌പെക്ടര്‍ കുമാരന്റെ നെഞ്ചില്‍  മറുഭാഗം  അമര്‍ത്തി. അതിലൂടെ ആദിക് തന്നെ വിട്ടു പോയ  അച്ഛന്‍ ബിലീഷിന്റെ  ഹൃദയമിടിപ്പ് കേട്ടു. മരിച്ചിട്ടും തുടിക്കുന്ന പ്രിയപ്പെട്ട അച്ഛന്റെ ഹൃദയവും,  അതിന്റെ മിടിപ്പും. മെയ്ത്ര ആശുപത്രിയിലെ കമ്യൂണിറ്റി ഹാള്‍ ഇന്ന് അത്തരമൊരു അപൂര്‍വ്വ അനുഭവത്തിന് സാക്ഷിയായി. 

 മൂന്നു മാസം മുമ്പ്  ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച ചെറുവണ്ണൂര്‍ പന്നിമുക്കിലെ തട്ടാന്റവിടവീട്ടില്‍ ബിലീഷിന്റെ മകനാണ് ആദിക്. മരണത്തെത്തുടര്‍ന്ന് ബിലീഷിന്റെ ഹൃദയവും, കരളും കണ്ണും ദാനം ചെയ്യാന്‍  കുടുംബം തയ്യാറായി. അങ്ങിനെ  മെയ്ത്ര ആശുപത്രിയില്‍ വച്ച് കേരള പോലീസിലെ എഎസ്‌ഐ കുമാരനില്‍ ബിലീഷിന്റെ ഹൃദയം മാറ്റിവച്ചു. പ്രമുഖ കാര്‍ഡിയക്  തൊറാസിക് സര്‍ജനായ ഡോ. മുരളി വെട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ഹൃദയം മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ. 

2014ലായിരുന്നു കുമാരന് ആദ്യ ഹാര്‍ട്ട് അറ്റാക്ക് വന്നത്. കണ്ണൂരില്‍ വച്ച് ആദ്യ ആന്‍ജിയോപ്ലാസ്റ്റി.  ആറു വര്‍ഷം ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല. 220ല്‍ ശക്തമായ രണ്ടമാത്തെ അറ്റാക്ക്. പരിശോധനയില്‍ കുമാരന്റെ  ഹൃദയ  കോശങ്ങളുടെ 15 ശതമാനം മാത്രമാണ് പ്രവര്‍ത്തന ക്ഷമമെന്ന് കണ്ടെത്തി. ആരോഗ്യത്തോടെ ജീവിക്കാന്‍ ഹൃദയം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങിനെയാണ് മെയ്ത്ര ആശുപത്രിയില്‍ ഡോ. മുരളി വെട്ടത്തിന്റെ അടുത്ത് കുമാരന്‍ എത്തുന്നതും ഹൃദയം  തേടി കുമാരന്റെ പേര് കേരള നെറ്റ് വര്‍ക് ഓഫ് ഓര്‍ഗണ്‍ ഷെയറിംഗില്‍  (KNOS) റജിസ്റ്റര്‍ ചെയ്യപ്പെടുന്നതും. 

 ബിലീഷിന്റെ ഹൃദയം ലഭ്യമായെങ്കിലും കടമ്പകള്‍ പിന്നെയും ഏറെ. സാമ്പത്തികം തന്നെ പ്രധാന പ്രശ്‌നം. സഹപ്രവര്‍ത്തകരായ പോലീസുകാര്‍ മുന്നിട്ടിറങ്ങി പണം സ്വരൂപിച്ചു.  കുറച്ചു തുക മെഡിസെപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി ലഭിച്ചു. ശേഷിക്കുന്ന തുക മെയ്ത്ര ഇളവുകൂടി ചെയ്തതോടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു മുന്നിലെ കടമ്പകള്‍ നീങ്ങി.  പിന്നെ എല്ലാ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. ബേബിമെമ്മോറിയലിലെ ഡോക്ടര്‍മാര്‍,  തിയ്യെറ്റര്‍ ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി എല്ലാവരും മുന്നിട്ടിറങ്ങി. ബേബിയില്‍ നിന്ന്  മെയ്ത്രയിലേക്ക് ഹൃദയം എത്തിക്കുമ്പോഴേക്കും മെയ്ത്രയില്‍  സര്‍വ്വ സന്നാഹങ്ങളും സജ്ജമായിരുന്നു. ഡോ. മുരളി വെട്ടത്തിന്റെ നേതൃത്വത്തില്‍ ബിലീഷിന്റെ ഹൃദയം കുമാരന്റെ ശരീരത്തിലേക്ക് പറിച്ചു നട്ടു. രണ്ടാഴ്ച നീണ്ട ഇന്റന്‍സീവ് കെയര്‍ ട്രീറ്റ്‌മെന്റും ഒരു മാസക്കാലം ഒബ്‌സര്‍വേഷനും. തുടര്‍ന്നു നടത്തിയ പരിശോധനയില്‍  ബിലീഷിന്റെ ഹൃദയം കുമാരന്റെ ശരീരം സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്തി.  മൂന്നു മാസങ്ങള്‍ക്കിപ്പുറം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് കുമാരന്‍. 

ആ സന്തോഷം പങ്കു വയ്ക്കാന്‍  മെയ്ത്രയില്‍ ഇന്നലെ ഒരു കൂടിച്ചേരല്‍ നടന്നു. ഹൃദയം മാറ്റി വച്ച് ആരോഗ്യവാനായ കുമാരന്‍, ഹൃദയം ദാനം ചെയ്ത ബിലിഷിന്റെ കുടുംബം,  ഹൃദയം ഏറ്റുവാങ്ങിയ കുമാരന്റെ കുടുംബം,   ഹൃദയം സുരക്ഷിതമായി നട്ടു പിടിപ്പിക്കാന്‍ പ്രവര്‍ത്തിച്ച മെയ്ത്രയിലേയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലേയും ഡോക്ടര്‍മാര്‍, വിവിധ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പണം സ്വരൂപിച്ച്  കൈത്താങ്ങായ പോലീസുകാര്‍  എന്നിവര്‍ പങ്കാളികളായി. ബൃഹത്തായ ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം മെയ്ത്ര മാനേജ്‌മെന്റ് ആദരിച്ചു. ചടങ്ങില്‍ ഉത്തരമേഖലാ ഐജി കെ. സേതുരാമന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. മുരളി വെട്ടത്ത്, ഡോ. ഷെഫീഖ് മാട്ടുമ്മല്‍, എന്നിവര്‍ സംസാരിച്ചു.  മെയ്്ത്ര മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി. വര്‍ഗീസ് സ്വാഗതവും സിഇഒ നിഹാജ് ജി. മുഹമ്മദ് നന്ദിയും പറഞ്ഞു. 


 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media