കൊല്ലം: ഭര്‍ത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവകേരള സദസ് ബസ് കടന്നുപോയ വഴിയില്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂര്‍ സ്വദേശി അര്‍ച്ചന. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മര്‍ദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂര്‍ അനുഭവിച്ചതെന്നും അര്‍ച്ചന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്‍ച്ചന.
കഴിഞ്ഞ മാസം 18 നാണ് അര്‍ച്ചനയെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തത്. നവകേരള സദസ് കാണാന്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് ഏഴ് മണിക്കൂറിലേറെ നേരം പൊലീസ് തടഞ്ഞുവെച്ചെന്നാണ് യുവതിയുടെ പരാതി. അര്‍ച്ചന ഭര്‍ത്താവിന്റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലം ജംഗ്ഷനില്‍ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാന്‍ പോയത്. കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലീസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി. അകാരണമായി പൊലീസ് തടഞ്ഞുവെച്ചതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അര്‍ച്ചന നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.