ബിനീഷ് കോടിയരി ഇന്ന് പുറത്തിറങ്ങിയേക്കും; നടപടികള്‍ ഉച്ചയോടെ പൂര്‍ത്തിയാകുമെന്ന് സൂചന
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയത് കൊണ്ട് കഴിഞ്ഞ ദിവസം നടപടിക്രമം പൂര്‍ത്തിയായിരുന്നില്ല.
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം ഉള്‍പ്പടെയാണ് ഉപാധികള്‍. കര്‍ശന കോടതി നിബന്ധനകള്‍ കണക്കിലെടുത്തു ജാമ്യം നില്‍ക്കാമെന്ന് ആദ്യം ഏറ്റവര്‍ പിന്‍മാറിയിരുന്നു . സെഷന്‍സ് കോടതിയിലെ നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്നാണ് അഭിഭാഷകരുടെ കണക്കുകൂട്ടല്‍. ഇന്ന് ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ.
ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല. നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.
ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാര്‍ക്കോട്ടിക് കണ്‍ണ്ട്രോള്‍ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികള്‍. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.
അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം ഇഡിയും എന്‍സിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടര്‍ നടപടികളും നിര്‍ണായകമാണ്. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡിലെ ഒപ്പുപോലും ബിനീഷിന്റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മാത്രമല്ല ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്നിടപാടുകാര്‍ക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തല്‍. കൂടുതല്‍ തെളിവുകളുമായി ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ചുരുക്കത്തില്‍, ജാമ്യം ലഭിച്ചെങ്കിലും കേസിലെ നിയമനടപടികളൊന്നും അവസാനിക്കുന്നില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജന്‍സികളും ബിനീഷിനെ തേടിയെത്തിയേക്കാം, കേന്ദ്ര ഏജന്‍സികളുടെ സമീപകാല ചരിത്രവും, ഏത് ചെറിയ തെളിവുകളെയും ആധാരമാക്കി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന രീതിയും പരിശോധിക്കുമ്പോള്‍ ഈ സാധ്യതകളൊന്നും തള്ളിക്കളയാനുമാകില്ല.