കോഴിക്കോട്: റംസാന്‍, ഈസ്റ്റര്‍, വിഷു വിപണി ലക്ഷ്യമാക്കി കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഫാമുകള്‍ കൊള്ള നടത്തുന്നുവെന്ന് കോഴി വ്യാപാരികള്‍. കിലോയ്ക്ക് 180 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിയിറച്ചി വില ഇപ്പോള്‍ 250 രൂപയില്‍ എത്തി നില്‍ക്കുകയാണ്. തമിഴ്‌നാട് ലോബിയും അവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന വ്യക്തികളും ഈ കൊള്ളലാഭം പങ്കിട്ടെടുക്കുകയാണെന്ന് ചിക്കന്‍ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി പറഞ്ഞു. ഈ മേഖലയില്‍ സര്‍വ്വത്ര ചൂഷണമാണ് കുത്തക ഫാമുടമകള്‍ നടത്തുന്നത്. ഉത്പാദന ചിലവിന്റെ രണ്ടിരട്ടി ലാഭത്തിലാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. ബന്ധപ്പെട്ട അധികാരികള്‍ മൗനം വെടിഞ്ഞ് പൂഴ്ത്തിവെയ്പ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രതിഷേധ സമരത്തിലേക്കും അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്കും നീങ്ങേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ കിണാശേരി, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറര്‍ സി.കെ. അബ്ദുറഹ്മാന്‍ മറ്റ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.