ട്വിറ്ററിനെ മുട്ടുകുത്തിച്ചു: കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റര്‍ മരവിപ്പിച്ചു.1398 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാക്കി അക്കൗണ്ടുകള്‍ സംബന്ധിച്ചുള്ള നടപടികള്‍ ട്വിറ്റര്‍ ആരംഭിച്ചതായാണ് വിവരം. ട്വിറ്ററിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ മാറ്റമുണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
1435 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നത്. മോദി കര്‍ഷകരുടെ വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ്ടാഗിലൂടെ ട്വീറ്റ് ചെയ്തിരുന്ന 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 220 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ട്വിറ്റര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സിപിഎം കേന്ദ്ര കമ്മറ്റിയംഗം മുഹമ്മദ് സലീം, കാരവന്‍ മാസിക തുടങ്ങിയ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. 1178-ഓളം ട്വിറ്റര്‍ എക്കൗണ്ടുകള്‍ക്ക് ഖാലിസ്ഥാനുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷം അക്കൗണ്ടുകളും മരവിപ്പിച്ചതായി ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.