എച്ച്ബിഒ മാക്‌സ് ഇനി ഇന്ത്യയിലും; സ്ബ്‌സ്‌ക്രിപ്ഷന്‍ പായ്ക്കുകളുടെ വില 69 രൂപ മുതല്‍


ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ എന്നിവയ്ക്ക് വെല്ലുവിളിയാവാന്‍ എച്ച്ബിഒ മാക്‌സ് വരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തരായ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് എച്ച്ബിഒ. എച്ച്ബിഒ കണ്ടന്റ്കള്‍ക്ക് മറ്റ് രാജ്യങ്ങളിലുള്ളത് പോലെ ആരാധകര്‍ ഇന്ത്യയിലും ഉണ്ട്. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആധിപത്യം നേടാനും ഈ ജനപ്രീതി എച്ച്ബിഒ മാക്‌സിനെ സഹായിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം എച്ച്ബിഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തെക്കുകിഴക്കന്‍ ഏഷ്യയിലും ഇന്ത്യയിലും കമ്പനി ഇതിനകം മാനേജിംഗ് ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ കമ്പനി മൂന്ന് പ്രതിമാസ പ്ലാനുകളും രണ്ട് വാര്‍ഷിക പാക്കുകളും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ പ്ലാനുകള്‍ തന്നെ ഏറെ ആകര്‍ഷകമാണെന്നാണ് സൂചനകള്‍, അഞ്ച് പായ്ക്കുകളും മറ്റ് ഒടിടി പ്ലാറ്റ്‌ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. 69 രൂപ മുതലായിരിക്കും എച്ച്ബിഒ മാക്‌സിന്റെ ഇന്ത്യയിലെ സബ്ക്രിപ്ഷന്‍ പായ്ക്കുകള്‍ ആരംഭിക്കുക. ഇതൊരു പ്രതിമാസ പ്ലാന്‍ ആയിരിക്കും.

പ്രതീക്ഷിക്കുന്ന പ്രതിമാസ പ്ലാനുകള്‍

വന്‍കിട ടൈറ്റിലുകളില്‍ നിന്നും കണ്ടന്റുകള്‍ നല്‍കുന്നതില്‍ പ്രശസ്തരായ എച്ച്ബിഒ മാക്‌സ് മൂന്ന് പ്രതിമാസ പ്ലാനുകളാണ് നല്‍കുന്നത്. ഇവ ആഡ് സപ്പോര്‍ട്ടഡ്, മൊബൈല്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവയായിരിക്കും. ഇതില്‍ ആഡ് സപ്പോര്‍ട്ടഡ് പ്ലാനിന്റെ വിലയാണ് 69 രൂപ. മൊബൈല്‍ പായ്ക്കിന് 139 രൂപയാണ് വില വരുന്നത് എന്നും സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന് 329 രൂപ വില വരുമെന്നും ഒണ്‍ടെക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഡ് സപ്പോര്‍ട്ടുള്ള പ്ലാന്‍ എസ്ഡി റസലൂഷനിലുള്ള കണ്ടന്റുകള്‍ രണ്ട് ഡിവൈസുകളില്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്നു. ഈ 69 രൂപ പ്ലാനിലൂടെ സീരിസുകളിലെ സീസണ്‍ അവസാനിച്ച ശേഷമുള്ള എല്ലാ എപ്പിസോഡുകളും ലഭ്യമാകും.

എച്ച്ബിഒ മാക്‌സിന്റെ മൊബൈല്‍ പ്ലാന്‍ ഒരൊറ്റ ഡിവൈസില്‍ (മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ്) മാത്രമേ സപ്പോര്‍ട്ട് ചെയ്യുകയുള്ളു. എസ്ഡി റസലൂഷനില്‍ പരസ്യങ്ങളില്ലാതെ കണ്ടന്റ് ആസ്വദിക്കാം എന്നതാണ് ഈ പ്ലാനിന്റെ ഗുണം. എപ്പിസോഡുകള്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകും. അതേസമയം 329 രൂപ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ മൂന്ന് ഡിവൈസുകളില്‍ 4കെ റെസല്യൂഷനില്‍ കണ്ടന്റ് നല്‍കുന്നു. എല്ലാ എപ്പിസോഡുകളും സിനിമകളും വരുന്ന അവസരത്തില്‍ തന്നെ ഇതിലൂടെ ലഭ്യമാകും.

പ്രതീക്ഷിക്കുന്ന വാര്‍ഷിക പദ്ധതികള്‍ 

എച്ച്ബിഒ മാക്‌സ് ഇന്ത്യയില്‍ രണ്ട് വാര്‍ഷിക പ്ലാനുകള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. ഈ പ്ലാനുകള്‍ക്ക് 1.001 രൂപ, 1,974 രൂപ എന്നിങ്ങനെയായിരിക്കും വില. എങ്കിലും ഈ വാര്‍ഷിക പ്ലാനുകള്‍ക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയില്‍ എത്തുമ്പോള്‍ എച്ച്ബിഒ മാക്‌സ് ഒരു കോ-വ്യൂയിങ് എക്‌സ്പീരിയന്‍സ്, കുട്ടികള്‍ക്കായുള്ള പ്രൊഫൈലുകള്‍, 4കെ റെസല്യൂഷന്‍, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്, ലോക്കലൈസേഷന്‍, പേഴ്‌സണലൈസ്ഡ് ഹോം സ്‌ക്രീന്‍ എന്നിവ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എച്ച്ബിഒ മാക്‌സ് സിനിമകളും സീരിസുകളും ഒറിജിനലുകളും നല്‍കുന്നുണ്ട്. വെസ്റ്റ് വേള്‍ഡ്, ഗെയിം ഓഫ് ത്രോണ്‍സ്, ഹാരി പോട്ടര്‍ സീരീസ്, ഇന്‍സെപ്ഷന്‍, മാട്രിക്‌സ്, ബാറ്റ്മാന്‍ പ്ലസ്, ഫ്രണ്ട്‌സ്, ദി ബിഗ് ബാങ് തിയറി തുടങ്ങിയ മികച്ച ഷോകള്‍ എച്ച്ബിഒയുടെ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഇവ കൂടാതെ എച്ച്ബിഒ മാക്‌സ് ബോളിവുഡില്‍ നിന്നുള്ള കണ്ടന്റുകളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനില്‍ കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അഭിനയിച്ച സിനിമകളും എച്ച്ബിഒ തങ്ങളുടെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് എച്ച്ബിഒ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും എച്ച്ബിഒ മാക്‌സ് ഇന്ത്യയില്‍ സേവനം ആരംഭിക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന പ്രതീക്ഷ. ഇന്ത്യ മികച്ചൊരു ഒടിടി വിപണിയായതിനാലും ഗെയിം ഓഫ് ത്രോണ്‍സ് അടക്കമുള്ള സീരിസുകള്‍ക്ക് ഇന്ത്യയില്‍ ധാരാളം ആരാധകര്‍ ഉള്ളതിനാലും രാജ്യത്ത് എച്ച്ബിഒ മാക്‌സിന് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media