സുല്‍ത്താന്‍ ബത്തേരി: ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പന്‍ പിഎം 2-വിനെ ഒടുവില്‍ പിടികൂടി വനവകുപ്പ്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. വെടിയേറ്റ ആന മയങ്ങാന്‍ 45 മിനിറ്റെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്. ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി. പിഎം ടുവിനെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെസിബി വച്ച് ഒരുക്കി. ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2-നെ മാറ്റുക. വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വനംവകുപ്രപ്പ് പിന്തുടര്‍ന്ന് നിരീക്ഷിച്ചു വരികയായിരുന്നു. പിഎം 2വിനൊപ്പം മറ്റൊരു കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ദൗത്യം സങ്കീര്‍മണമാക്കിയിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവര്‍ത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.