ഒടുവില്‍ കീഴടങ്ങി; പിപി ദിവ്യ പൊലീസ് കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ തുടങ്ങി
 


കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസും ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്.

പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിവ്യ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. ദിവ്യയെ കമ്മീഷണര്‍ ഓഫീസിലേക്ക് ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു. എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. 

മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ വിധിയില്‍ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നല്‍കാന്‍ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയില്‍ പങ്കെടുത്തതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകര്‍പ്പില്‍ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media