കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരായ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വി.എം. സുധീരനും, രമേശ് ചെന്നിത്തലയും നല്‍കിയ സംഭാവനകളെ പിന്തുണച്ച സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ജനത്തിന് ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കണം. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ല ഇത്. ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കേണ്ട സമയവുമല്ല.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണെന്നും സതീശന്‍ പറഞ്ഞു.
വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്സഭയിലും എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതര്‍ക്കായി കെപിസിസി നൂറ് വീട് വച്ച് നല്‍കുമെന്നും വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ജനം അങ്ങനെ പണം സംഭാവന ചെയ്യുന്നതില്‍ മടിക്കുന്നുണ്ടെങ്കില്‍ ആ സംശയം ദുരീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.