സഹകരണ മേഖലയെ രക്ഷിക്കാന്‍ സഹകാരികളും
ജീവനക്കാരും പ്രതിഷേധ കൂട്ടായ്മ നടത്തി
കോഴിക്കോട്: സഹകരണ മേഖലയെ തര്‍ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സഹകാരികളും സഹകരണ മേഖലയിലെ ജീവനക്കാരും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാനാഞ്ചിറ ഇന്‍കംടാക്‌സ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ സഹകരണ സംരക്ഷണ സമിതി കണ്‍വീനറും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയെ കഴുത്തറുത്ത് ഇല്ലാതാക്കി ഈ മേഖല കൂടി കോര്‍പ്പറേറ്റുകള്‍ക്ക് കാഴ്ച വയ്ക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് മെഹബൂബ് പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ് സുപ്രീം കോടതിയുടെ ഇടപെടലുകളുണ്ടായി. ഇതിനെ മറികടക്കാന്‍ സഹകരണ മേഖലയെ സംസ്ഥാന പട്ടികയില്‍ നിന്നൊഴിവാക്കി പൊതു പട്ടികയിലാക്കാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ ഗൂഡ നീക്കത്തെ തിരിച്ചറിഞ്ഞ് സഹകാരികളുടെ ഈ സമരത്തില്‍ പൊതുജനങ്ങള്‍ കൂടി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു.
മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.എന്‍.വിജയകൃഷ്ണന്‍, ടി.പി. ദാസന്‍, എം.നാരായണന്‍, കെ.വി.സലീം, ഇ.എം.ഗിരീഷ് കുമാര്‍, ഇ.വി. സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍ സ്വാഗതവും വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ജില്ലയിലെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും എല്ലാ പഞ്ചായത്തുകളിലേയും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കു മുന്നിലും സഹകാരികളും ജീവനക്കാരും ചേര്‍ന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സഹകരണ വിരുദ്ധ ശക്തികളുടെയും നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി കോഴിക്കോട് ജില്ലയിലെ പ്രമുഖ സഹകാരികള്‍ ഒത്തു ചേര്‍ന്ന് രൂപീകരിച്ചതാണ് സഹകരണ സംരക്ഷണ സമിതി.