ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ വിവാഹ അവധി;
സ്വവര്‍ഗ ദമ്പതികളെയും ഉള്‍പ്പെടുത്തി മിന്ത്ര
കൊച്ചി: മാറ്റത്തിന്റെ പുതുപാതയിലാണിപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര. കഴിഞ്ഞ കുറച്ചുനാളുകളായി ജീവനക്കാരുടെ ക്ഷേമത്തിനായുള്ള നിരവധി പദ്ധതികളാണ് മിന്ത്ര അവതരിപ്പിച്ചത്. ഇപ്പോഴിതാ, കമ്പനി അവരുടെ അവധി നയം വിപുലീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ വിവാഹ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പടെ കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണ്.
ജീവനക്കാര്‍ക്ക് രാജ്യത്തിന് പുറത്ത് വച്ചും വിവാഹം നടത്താം. ഇതോടനുബന്ധിച്ചുള്ള അവധിയും ഇതില്‍ ഉള്‍പ്പെടുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ അവധി നല്‍കുന്ന ആദ്യത്തെ കമ്പനിയാണിത്. നേരത്തെ ഗോദ്റെജ് ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്വവര്‍ഗാനുരാഗികള്‍ക്ക് ദത്തെടുക്കല്‍ അവധി (അഡോപ്ഷന്‍ ലീവ്) പോലുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമപരമായി അനുവദനീയമല്ല. പക്ഷെ 2018ല്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിലെ 16-ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും റദ്ദാക്കുകയും ചെയ്തിരുന്നു.
എല്‍ജിബിടിക്യുഐ (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീന്‍, ഇന്റര്‍സെക്സ്, അസ്സെക്ഷ്വല്‍) കമ്മ്യൂണിറ്റിയില്‍ തങ്ങള്‍ വിശ്വസിക്കുന്നതായി മിന്ത്ര സിഇഒ അമര്‍ നാഗരം പറഞ്ഞു. സമഗ്രമായ രീതിയില്‍ ജീവനക്കാരുടെ ക്ഷേമത്തിന് ഉത്തമ പിന്തുണ നല്‍കാനുള്ള നിരന്തരമായ ശ്രമമാണിതെന്നും ഈ ചുവടുവയ്പ്പ് മറ്റൊരു നെടുംതുണായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹ അവധികള്‍ക്ക് പുറമെ വെല്‍നസ് ലീവ് പോളിസിയും ജീവനക്കാര്‍ക്കായി മിന്ത്ര അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കോ മുതിര്‍ന്ന മാതാപിതാക്കള്‍ക്കോ അസുഖം ബാധിച്ചാല്‍ അവരെ പരിചരിക്കുന്നതിനായി ജീവനക്കാര്‍ക്ക് 14 ദിവസത്തെ അവധി എടുക്കാവുന്നതാണ്. ഇതുകൂടാതെ ഭാര്യയ്ക്കും ഭര്‍ത്താവിനും പ്രസവാവധിയും എല്‍ജിബിടി ദമ്പതികള്‍ക്ക് ദത്തെടുക്കല്‍ അവധിയും അവതരിപ്പിച്ചിട്ടുണ്ട്.