ആ കാലമല്ലിന്ന്; ഇനി സാമിപ്യമറിഞ്ഞ് സംസാരിക്കാം വെര്‍ച്വലായി
ആ കാലമല്ലിന്ന്; ഇനി സാമിപ്യമറിഞ്ഞ് സംസാരിക്കാം വെര്‍ച്വലായി
കാതങ്ങള്‍ക്കപ്പുറത്തു നിന്നുള്ള ക്ലാരയുടെ വിളിക്കായി കാത്തിരുന്നിട്ടുണ്ട് ജയകൃഷ്ണന്‍. നേരില്‍ കാണാന്‍ താന്‍ വരുന്നുണ്ടെന്നു അവള്‍ പറയുന്ന ടെലിഫോണ്‍ കോളിനായി. അവരുടെ പ്രണയത്തിന് ഐക്യമായി ചാറ്റല്‍ മഴയുമുണ്ടായിരുന്നു. പത്മരാജന്‍ തൂവാനതുമ്പികള്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയ കാലം അങ്ങിനെയൊക്കെയായിരുന്നു. കത്തിലൂടെയും ഫോണ്‍ കോളിലൂടെയും മാത്രം പരസ്പരം കാണാതെ സൗഹൃദങ്ങള്‍ പങ്കിട്ടിരുന്ന കാലം.
കാലം മാറി, വീഡിയോ കോള്‍, ചാറ്റ്, സ്‌കൈപ്പ്, ഗൂഗ്ള്‍ മീറ്റ്.... വെര്‍ച്വല്‍ യുഗത്തില്‍ അങ്ങിനെ സംവിധാനങ്ങള്‍ ഒട്ടേറെ. കാതങ്ങള്‍ക്കപ്പുറത്തായാലും ദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമപ്പുറത്തായാലും നേരില്‍ കണ്ട് സംസാരിക്കാം നമുക്കിന്ന്. മാറ്റത്തിന്റെ കാലത്തിതാ ഒരുപടികൂടി മുന്നോട്ടെറിഞ്ഞ് ഗൂഗിള്‍.
ഇനി നിങ്ങള്‍ക്ക് നേരില്‍ കണ്ട് സംസാരിക്കുന്നതിന്റെ അനുഭൂതിയോടെ വീഡിയോ ചാറ്റ് ചെയ്യാം. വിളിക്കുന്നയാളിന്റെയും മറുതലയ്ക്ക്ല്‍ ഉള്ളയാളിന്റെയും യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന ത്രിഡി പതിപ്പിനെ പുറത്തിറക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഇതുവരെ വീഡിയോ കോളില്‍ ദ്വിമാന ചിത്രങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരുന്നത്. ഉപയോക്താവിനെ ത്രിമാന ഹോളോഗ്രാമായി മാറ്റുന്ന പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം പുതിയ സാങ്കേതിക വിദ്യ സുന്ദര്‍ പിച്ചെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഗൂഗിളിന്റെ പ്രൊജകട് സ്റ്റാര്‍ ലൈനാണ് ഈ പുതിയ പരിശ്രമം നടത്തുന്നത്.
ഈ നൂതന ത്രിമാന സാങ്കേതിക വിദ്യ പ്രവൃത്തി പഥത്തില്‍ കൊണ്ടു വരുവാന്‍ ടെക്‌നോളജി കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മൈക്രോ സോഫ്റ്റ് തങ്ങളുടെ മിക്‌സഡ് റിയാലിറ്റി പ്ലാറ്റ്‌ഫോമായ മെഷ് വഴി ഇത്തരമൊരു ശ്രമം നേരത്തെ തന്നെ നടത്തിലെങ്കിലും വിജയം കണ്ടിട്ടില്ല. പ്രത്യേകമായി നിര്‍മിച്ച ഹാര്‍ഡ് വെയര്‍ വഴിയാണ് ഗൂഗിള്‍ ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിനായുള്ള ശ്രമങ്ങള്‍ ഇവര്‍ തുടങ്ങി. ഈ പ്രൊജക്റ്റിന് സ്റ്റാര്‍ ലൈന്‍ എന്നാണ് വിളിച്ചിരുന്നത്.
ഈ പുതിയ സാങ്കേതിക വിദ്യ ഗൂഗിളിന്റെ ഏതാനും ഓഫീസുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. മറ്റു നഗരങ്ങളിലും രാജ്യങ്ങളിലും ഇരുക്കുന്നവര്‍ക്ക് അവരുടെ ശാരീരിക സാനിധ്യം വെര്‍ച്വലായി നല്‍കാനാവും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. കംപ്യൂട്ടര്‍ വിഷന്‍, മെഷീന്‍ ലേണിംഗ്, സ്‌പെഷല്‍ ഓഡിയോ, തത്‌സമയ സംപ്രേക്ഷണം തുടങ്ങി ഗവേഷണ മേഖലയിലെ നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് മാന്ത്രികവിദ്യാ സമാനമായ സാഹച്രര്യം സൃഷ്ടിച്ചെടുക്കുന്നതെന്നാണ് ഗൂഗിള്‍ പറയുന്നത്.
യാഥാര്‍ത്ഥ്യമെന്നു തോന്നിക്കുന്ന 3ഡി ഹോളോഗ്രാം പ്രാവര്‍ത്തികമാകുന്നതോടെ വെര്‍ച്വല്‍ യുഗത്തിന് പുതിയ മാനം കൈവരും. ഇരു ദേശങ്ങളിലിരിക്കുന്ന് ഇരു മെയ്യും മനമൊന്നുമാകാം. സാനിധ്യം അനുഭവിച്ചുകൊണ്ട്.